Trending

അടിമുടി വിറപ്പിച്ചു മൊറോക്കൻ പട; സമനിലയിൽ രക്ഷപ്പെട്ടു കാനറികൾ.


ന്യൂജഴ്സി: മൊറോക്കോയ്ക്ക് മുന്നിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീലിന് സമനിലകുരുക്ക്. ആദ്യ പകുതിയിലാണ് ഇരുടീമുകളും ഗോൾ നേടിയത്. ഗ്രൂപ്പ് സി-യിൽ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. തന്ത്രശാലിയായ ഇറ്റലിക്കാരൻ കാർലോ ആൻസെലോട്ടിക്ക് കീഴിൽ കളത്തിലിറങ്ങിയ ബ്രസീലിനെ ഞെട്ടിച്ച് മൊറോക്കോ ആദ്യം തന്നെ ലീഡ് നേടി. മത്സരത്തിന്റെ 21ാം മിനിറ്റിൽ ഇസ്മായിൽ സായിബാരിയിലൂടെയാണ് ടീം മുന്നിലെത്തിയത്. പിന്നാലെ 32ാം മിനിറ്റിൽ സൂപ്പർ ​ഗോളിലൂടെ വിനീഷ്യസ് ജൂനിയർ സമനില ​ഗോൾ നേടി.

സൂപ്പർ താരം നെയ്‌മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. വിനീഷ്യസ് ജൂനിർ, റഫീഞ്ഞ്യ, ലൂക്കാസ് പക്വേറ്റ തുടങ്ങിയവരെല്ലാം അണിനിരന്ന ബ്രസീൽ സംഘത്തെ അടിമുടി മൊറോക്കോ നിരന്തരം പരീക്ഷിച്ചു. ബ്രസീലിന്റെ പ്രതിരോധനിരയെ പരീക്ഷിച്ച് മൊറോക്കോ താരങ്ങൾ തുടർച്ചയായി ഇരച്ചുകയറി. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് തുടക്കത്തിലെ മൊറോക്കോ നഷ്ടപ്പെടുത്തിയത്. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ഇരുകൂട്ടർക്കും ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.

Post a Comment

Previous Post Next Post