പൂനൂർ: നവീകരണത്തിനായി മാസങ്ങൾക്കു മുൻപ് ടാറിങ് പൊളിച്ച് അരികുകെട്ടി മണ്ണിട്ട ഭാഗത്ത് റോഡ് ചെളിക്കുളമായതോടെ പെരിങ്ങളംവയൽ-നെരോത്ത് റോഡിൽ കാൽനട യാത്രപോലും ദുഷ്കരമായി. കാലവർഷം തുടങ്ങിയശേഷം ഇവിടെ പത്തിലധികം ബൈക്കപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
പെരിങ്ങളംവയൽ അങ്കണവാടി, കുനിയിൽ ഉന്നതി എന്നിവയുടെ മുന്നിലാണ് റോഡ് ചെളിക്കുളമായി കിടക്കുന്നത്. റോഡുപണിക്ക് വേനൽക്കാലത്ത് മണ്ണിട്ടപ്പോൾ തന്നെ പൊടിശല്യത്താൽ കുട്ടികൾ ഏറെ പ്രയാസപ്പെട്ടിരുന്നതായി അങ്കണവാടിയിലെ ജീവനക്കാർ പറഞ്ഞു.
മങ്ങാട് കുടുംബാരോഗ്യകേന്ദ്രം, നെരോത്ത്, പൂനൂർ അങ്ങാടി, പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. താത്കാലിക നടപടിയായി ക്വാറിവേസ്റ്റ് ഇട്ടിട്ടെങ്കിലും റോഡിലെ അപകടാവസ്ഥ ഉടനെ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.