താമരശ്ശേരി: താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ചു. കാരാടി, കാരാടിപറമ്പത്ത് ഗോപാലൻ (74) ആണ് മരിച്ചത്. മരണത്തിന് ഏതാനും മിനുറ്റുകൾ മുൻപ് മകളുടെ സ്ഥാപനത്തിന് മുന്നിൽ വെച്ച് മകളുടെ ഭർത്താവ് വിനീഷ് കടയിൽ നിന്നും പിടിച്ച് പുറത്താക്കുകയും ഇറങ്ങിയോ പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമം സുഹൃത്തിനോട് പങ്കുവെക്കാൻ എത്തിയപ്പോഴായിരുന്നു റോഡിൽ കുഴഞ്ഞു വീണത്.
തൻ്റെ അച്ഛനെ ഭർത്താവ് നിരന്തരം മാസികമായി പീഡിപ്പിക്കാറുണ്ടന്ന് മകൾ ദിവ്യ പറയുന്നു. ഭർത്താവ് നിരന്തരം പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്നും, ഇന്നലെ രാത്രിയിലും താൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നെന്നും പുലർച്ചെ അഞ്ചു മണി വരെ പോലീസ് സംരക്ഷണത്തിലാണ് വീട്ടിൽ കഴിഞ്ഞതെന്നും ദിവ്യ പറഞ്ഞു. തനിക്കും, മക്കൾക്കും നേരെയുണ്ടാവുന്ന നിരന്തരമായ പീഡനം അച്ഛനെ മനോവിഷമത്തിലാക്കിയിരുന്നു. എന്നെയും, മക്കളെയും അച്ഛൻ സഹായിക്കുന്നതിലുള്ള വിരോധമാണ് ഭർത്താവ് അച്ഛനു നേരെ തിരിയാൻ ഇടയാക്കിയതെന്നും മകൾ ദിവ്യ പറഞ്ഞു.
കുഴഞ്ഞു വീണ ഉടനെ ഗോപാലനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിനെതിരെ മകൾ താമരശ്ശേരി പോലീസിൽ പരാതി നൽകി. ഭാര്യ: ശാന്ത. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: വിനീഷ്, വിവേക്.