Trending

ബാലുശ്ശേരിയിലെ ക്ഷേത്രത്തിൽ നിന്ന്‌ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവം; മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ.


ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യുട്ടീവ് ഓഫീസർ ടി.ടി വിനോദൻ അറസ്റ്റിൽ. ക്ഷേത്രത്തിൽ നിന്ന് സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ നടപടികൾ എങ്ങുമെത്താത്തതിനെ തുടർന്ന് പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാലുശ്ശേരി പോലീസ് വിനോദനെ അറസ്റ്റ് ചെയ്തത്.

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഓഡിറ്റിങ്ങിലാണ് എട്ടുമാസം മുൻപ് 20 പവനിലേറെ സ്വർണ ഉരുപ്പടികൾ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തിൽ മുൻ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ടി.ടി വിനോദന്റെ പേരിൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസെടുത്തിട്ട് എട്ടുമാസം കഴിഞ്ഞെങ്കിലും വിനോദനെ കണ്ടെത്താനോ സ്വർണ ഉരുപ്പടികൾ തിരിച്ചെടുക്കാനോ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇയാൾ ഒളിവിലാണെന്ന മറുപടിയാണ് പോലീസിൽ നിന്ന് ലഭിച്ചിരുന്നത്.

സ്വർണ ഉരുപ്പടികൾ കണ്ടെത്തുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ സമരങ്ങൾക്ക് തയ്യാറെടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ സമരങ്ങൾ മാറ്റിവെക്കുകയാണുണ്ടായത്. ബാലുശ്ശേരി കോട്ട ക്ഷേത്രം കൂടാതെ മറ്റു മൂന്ന്‌ ക്ഷേത്രങ്ങളിൽ നിന്നും ഇത്തരത്തിൽ സ്വർണ ഉരുപ്പടികൾ നഷ്ടമായിരുന്നു. എന്നാൽ, അവിടെയൊന്നും കേസ്‌ രജിസ്റ്റർ ചെയ്തിരുന്നില്ല. ഹിന്ദു സംഘടനകളുടെ സമ്മർദത്തെ തുടർന്ന് ബാലുശ്ശേരിയിലെ എക്സിക്യുട്ടീവ് ഓഫീസർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ നഷ്ടപ്പെട്ട സ്വർണ ഉരുപ്പടികൾ തിരിച്ചേൽപ്പിച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടക്കുന്നതായും വിവരങ്ങളുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ബാലുശ്ശേരി പോലീസ് സ്റ്റേഷനിലോ ദേവസ്വം ബോർഡിന്റെ കോഴിക്കോട് ഓഫീസിലോ സ്വർണം തിരികെയേൽപ്പിച്ച് കേസിൽ നിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു നടന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റിന് നിർബന്ധിതരാവുകയായിരുന്നു.

Post a Comment

Previous Post Next Post