Trending

കോഹ്ലി മുന്നിൽ നിന്നു നയിച്ചു; ഗുജറാത്തിനെ തകർത്ത് ഐപിഎൽ കിരീടം ചൂടി ബംഗളൂരു.


അഹമ്മദാബാദ്: ഐപിഎല്ലിൽ ഒരിക്കൽ കൂടി രാജാക്കൻമാരായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ആർസിബി കിരീടത്തിൽ മുത്തമിട്ടത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു മറികടന്നു. അർധസെഞ്ചുറിയുമായി തിളങ്ങിയ സൂപ്പർ താരം വിരാട് കോലിയാണ് ചേസിങ്ങിൽ ആർസിബിയുടെ നെടുംതൂണായത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. ഐപിഎല്ലിൽ തുടർകിരീടമെന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനായി രജത് പാട്ടിദാർ മാറി. മഹേന്ദ്ര സിങ് ധോനിയും രോഹിത് ശർമ്മയും ആണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണർമാരെ നഷ്ടമായത് ഗുജറാത്തിന് കടുത്ത തിരിച്ചടിയായി മാറി. ക്യാപ്റ്റൻ ശുഭ്‌മൻ ഗില്‍ 10 റണ്‍സുമായും സായ് സുദർശൻ 12 റണ്‍സുമായും നിരാശയോടെയാണ് ക്രീസ് വിട്ടത്. മൂന്നാമനായി എത്തിയ നിഷാന്ത് സിന്ധുവും (20), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും (19) ചേർന്ന് അല്പം ചെറുത്തുനില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വലിയ സ്കോർ ഉയർത്താൻ ബംഗളൂരു ബൗളർമാർ അനുവദിച്ചില്ല.

തുടർന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച വാഷിങ്ടണ്‍ സുന്ദറും അർഷാദ് ഖാനും ചേർന്നാണ് ടീം സ്കോർ നൂറിലേക്ക് എത്തിച്ചത്. അർഷാദ് ഖാൻ വെറും 6 പന്തുകളില്‍ നിന്നും 2 സിക്സറുകള്‍ ഉള്‍പ്പെടെ 15 റണ്‍സ് നേടി പുറത്തായി. ഒരു ഭാഗത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴുമ്പോഴും 37 പന്തുകളില്‍ നിന്നും 5 ഫോറുകളടക്കം 50 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിങ്ടണ്‍ സുന്ദറാണ് ഗുജറാത്ത് നിരയിലെ ടോപ്പ് സ്കോറർ. എന്നാല്‍ രാഹുല്‍ തേവാട്ടിയ (7), ജേസണ്‍ ഹോള്‍ഡർ (7), റാഷിദ് ഖാൻ (7) എന്നിവർക്ക് ആർ.സി.ബി. ബൗളിങ് നിരയ്ക്ക് മുന്നില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. 3 റണ്‍സോടെ കാഗിസോ റബാഡ സുന്ദറിനൊപ്പം പുറത്താകാതെ നിന്നു.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റൻ രജത് പടീദാറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ആർസിബി ബൗളർമാരുടെത്. 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 പ്രധാന വിക്കറ്റുകള്‍ വീഴ്ത്തിയ റസിഖ് സലാം ദാറാണ് ഗുജറാത്ത് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. അനുഭവസമ്പന്നരായ ഭുവനേശ്വർ കുമാറും ജോഷ് ഹേസല്‍വുഡും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി റസിഖിന് മികച്ച പിന്തുണ നല്‍കി. ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി.

Post a Comment

Previous Post Next Post