എളേറ്റിൽ: നവീകരണവും വീതികൂട്ടലും ആരംഭിച്ച് ഒരു വർഷത്തോളമായിട്ടും പരപ്പൻപൊയിൽ-എളേറ്റിൽ-പുന്നശ്ശേരി റോഡിൻ്റെ പ്രവർത്തികൾ ഇഴഞ്ഞുനീങ്ങുന്നു. റോഡ് നിർമ്മാണത്തിൻ്റെ പ്രാരംഭഘട്ട ജോലികളായ സ്ഥലം ഏറ്റെടുക്കലും ഡ്രെയിനേജ് നിർമ്മാണവും പോലും ഇതുവരെ പകുതിപോലും പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സാധിച്ചിട്ടില്ല. യാതൊരുവിധ പ്ലാനിംഗും ഇല്ലാതെയാണ് നിർമ്മാണപ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ആവശ്യത്തിന് തൊഴിലാളികളില്ലാത്തതും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
റോഡിൻ്റെ പല ഭാഗങ്ങളിലും ഡ്രെയിനേജിനായി മണ്ണെടുക്കുമ്പോൾ കൃത്യമായ പാർശ്വഭിത്തികൾ ഒരുക്കാത്തതിനാൽ റോഡ് ഇടിയുകയും ഗതാഗത തടസ്സം പതിവാകുകയും ചെയ്യുകയാണ്. റോഡ് മൊത്തമായി മാന്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ കടുത്ത പൊടിശല്യമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇത് സമീപവാസികളായ നിരവധി ആളുകൾക്ക് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
ദിവസേന നൂറുകണക്കിന് വാഹനങ്ങളും ആംബുലൻസുകളും കടന്നുപോകുന്ന ഈ റോഡ് നിലവിൽ ശോചനീവസ്ഥയിലാണ്. മഴക്കാലം ആരംഭിച്ചതോടെ റോഡിൽ പലയിടങ്ങളിലും വലിയ രീതിയിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നുണ്ട്. ഓടകളുടെ (ഡ്രെയിനേജ്) നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മഴവെള്ളം കൃത്യമായ രീതിയിൽ ഒഴുകിപ്പോകുന്നില്ല. മഴ പെയ്തു കഴിഞ്ഞാൽ റോഡാകെ വെള്ളക്കെട്ടും ചളിക്കുളവുമായി മാറും. ഈ സമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ചെളിയിൽ തെന്നിമാറി യാത്രികർ അപകടത്തിൽ പെടുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് വാഹനങ്ങൾ പോകുമ്പോൾ ചെളി തെറിക്കുന്നതും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സ്കൂളുകൾ തുറക്കുന്ന ഈ വേളയിൽ സ്കൂൾ വാഹനങ്ങൾക്കും വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാകും. വിദ്യാലയങ്ങളിലേക്ക് ബാഗും തൂക്കി പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഈ ചെളിയും വെള്ളക്കെട്ടും വലിയ രീതിയിൽ ദുരിതമാകാൻ സാധ്യതയുണ്ട്. നിർമ്മാണം തുടങ്ങിയതോടെ പലയിടങ്ങളിലും റോഡ് ഒലിച്ചുപോയ നിലയിലുമാണ്.
ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതാണ് നിലവിൽ പണി തടസ്സപ്പെടാൻ പ്രധാന കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം മണ്ഡലം എംഎൽഎ പി.കെ ഫിറോസ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. വിദ്യാലയങ്ങൾ തുറന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളും നാട്ടുകാരും അനുഭവിക്കുന്ന അതിരൂക്ഷമായ പ്രശ്നങ്ങൾ കരാറുകാർ ഗൗരവമായി കാണണമെന്നും, എത്രയും പെട്ടെന്ന് പണികൾ വേഗത്തിലാക്കി തീർക്കണമെന്നും പി.കെ ഫിറോസ് എംഎൽഎ കരാറുകാരോട് യോഗത്തിൽ ആവശ്യപ്പെട്ടു.
സ്കൂൾ ബസ്സുകളും, ഓട്ടോകളും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ചെളി നിറഞ്ഞതും തകർന്നതുമായ ഈ റോഡിലൂടെ കൃത്യസമയത്ത് വിദ്യാലയങ്ങളിൽ എത്തിച്ചേരുക വലിയ വെല്ലുവിളിയാണ്. റോഡ് പണി അടിയന്തിരമായി പൂർത്തിയാക്കാൻ അധികൃതർ ശക്തമായ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.