കുറ്റ്യാടി: കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. കുറ്റ്യാടി കൈവേലി സ്വദേശിയായ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ (35) യാണ് മരിച്ചത്. കാല്‍വഴുതിവീണ ഏഴു വയസുകാരനായ മകൻ ശിവനന്ദിനെ രക്ഷിക്കാനുള്ള ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
വീടിനടുത്ത് തന്നെയുള്ള പുഴയിൽ വസ്ത്രം അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകനും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രമ്യ ഒഴുക്കില്‍പ്പെട്ടത്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രമ്യയെ കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാണാതായ ഏഴു വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ പുഴയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. കുന്നശ്ശേരി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവനന്ദ്.