താമരശ്ശേരി: പുതുപ്പാടിയിൽ മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപുറം പെരിങ്കൊല്ലൻകുന്ന് താമസിക്കുന്ന സുധാകരൻ (56) നെയാണ് വീടിൻ്റെ ഡൈനിംഗ് ഹാളിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെറ്റിയിൽ മുറിവേറ്റ പാടുണ്ട്, വീടിൻ്റെ മുൻഭാഗത്തെ വാതിൽ പൂട്ടിയിരുന്നില്ല. മരണത്തിൽ അസ്വഭാവികത തോന്നിയതിനാൽ സൈൻ്റിഫിക് ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി.
മരപ്പണിക്കാരനാണ് മരിച്ച സുധാകരൻ. വാറണ്ട് കേസിലെ പ്രതിയായ സുഹൃത്തിനെ ജാമ്യത്തിൽ ഇറക്കുന്നതിനായി ഇന്ന് കോടതിയിൽ പോകാമെന്ന് ഏറ്റിരുന്നു. രാവിലെ മറ്റൊരു സുഹൃത്ത് വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും ഒരു മകനും ഈങ്ങാപ്പുഴയ്ക്ക് അടുത്ത് വാടകയ്ക്കാണ് താമസം. ഒരു മകൻ വിദേശത്താണ്. ഭാര്യ ഇടയ്ക്ക് പകൽ സമയത്ത് വന്നു പോകാറുള്ളതായി അയൽവാസികൾ പറഞ്ഞു.
ഇന്നലെ രാത്രി 9.30 ഓടെ സുധാകരനെ വീടിൻ്റെ വരാന്തയിൽ ഇരിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം ഇയാൾ മദ്യപിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ട റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് താമരശ്ശേരി പോലീസ് കേസെടുത്തു.