Trending

കുന്ദമംഗലത്ത് 6 എക്സൈസ് ഉദ്യോഗസ്ഥർ ലിഫ്റ്റിൽ കുടുങ്ങി; സാഹസികമായി പുറത്തെത്തിച്ച് അഗ്‌നിരക്ഷാസേന.


കുന്ദമംഗലം: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് കുടുങ്ങിപ്പോയ ആറു എക്‌സൈസ് ഉദ്യോഗസ്ഥരെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2.30 ഒടെയായിരുന്നു സംഭവം. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് എത്തിയപ്പോഴാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചത്.

ലിഫ്റ്റിനുള്ളിൽ വായുസഞ്ചാരം കുറഞ്ഞതിനാൽ ഒരു ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കി. തുടർന്ന് സിവിൽ സ്റ്റേഷനിലെ മറ്റു ജീവനക്കാർ ഉടൻ വെള്ളിമാടുകുന്ന് ഫയർഫോഴ്സ് യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അത്യാധുനിക ഹൈഡ്രോളിക് സ്‌പ്രെഡർ ഉപകരണം ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ ബലമായി വേർപെടുത്തിയാണ് ഉദ്യോഗസ്ഥരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ടി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഓഫീസർമാരായ ജിതേഷ്, അനീഷ്, ജിതിൻബാബു, സുബിൻ, അഷ്റഫ്, ഹോം ഗാർഡ് സത്യൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമയോചിതമായി ഇടപെട്ടതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്‌.

Post a Comment

Previous Post Next Post