Trending

ക്ഷേമപെൻഷൻ 3,000 ആക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ആലോചന-മുഖ്യമന്ത്രി.


തിരുവനന്തപുരം: ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫിന്‍റെ വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്ഷേമപെൻഷൻ അർഹരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

ജൂൺ മാസത്തിലെ ക്ഷേമപെൻഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്നും മുടങ്ങാതെ പെൻഷൻ നൽകാനാണ് സർക്കാരിന്റെ ശ്രമമെന്നും സതീശൻ പറഞ്ഞു. ക്ഷേമപെൻഷൻ 3,000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് വാഗ്ദാനം ചെയ്ത പോലെ ആയിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് 2,500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1,500ൽ നിന്ന് 100 രൂപ കൂട്ടി 1,600 ആക്കിയത്. അത് 2,000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ലെന്നും സതീശൻ പറഞ്ഞു.

എസി വെച്ചത് കൊണ്ട് പെൻഷൻ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതിയുണ്ട്. അത്തരത്തിൽ പല പരാതികളും ഉയർന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനർഹരായ ചില ആളുകളും പദ്ധതിയിൽ ഉണ്ട്. അർഹരെ ഉൾക്കൊള്ളാനും അനർഹരെ ഒഴിവാക്കാനുമായി ഒരു സംവിധാനം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post