കൊടുവള്ളി: 10 കോടി രൂപ വിനിയോഗിച്ച് കൊടുവള്ളി നഗരസഭക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജീർണാവസ്ഥയിലായ പഴയ ബസ് സ്റ്റാൻഡ് കെട്ടിടവും മുനിസിപ്പൽ ഓഫീസും പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 22 തിങ്കളാഴ്ച മുതൽ ബസ്‌സ്റ്റാൻഡിലേക്കുള്ള പൊതുജനങ്ങളുടെയും ബസ്സുകൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങളുടെയും പ്രവേശനം നിശ്ചിത കാലത്തേക്ക് പൂർണ്ണമായി നിരോധിച്ചുകൊണ്ട് നഗരസഭ ഉത്തരവിട്ടു.
പരിഷ്‌കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിലെ നിർദ്ദേശങ്ങൾ ശനിയാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. കെട്ടിടം പൊളിക്കുന്നതിനും പുതിയ അത്യാധുനിക ബസ് ടെർമിനലിന്റെ നിർമ്മാണത്തിനുമായി ടൗണിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് മുനിസിപ്പാലിറ്റി അധികൃതർ തുടങ്ങിയിട്ടുള്ളത്. നിർമ്മാണ കാലയളവിൽ ടൗണിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ബസ്സുകൾക്കും ടാക്സി വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ്, സ്റ്റോപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊടുവള്ളിയുടെ പ്രൗഢിക്ക് അനുയോജ്യമായതും നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്ന രീതിയിലുമാണ് പുതിയ ബസ്‌സ്റ്റാൻഡ് കോംപ്ലക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വലിയ വാഹനങ്ങൾക്കുൾപ്പെടെ സൗകര്യപ്രദമായ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സംവിധാനം പുതിയ പദ്ധതിയുടെ പ്രധാന ആകർഷണമായിരിക്കും. നേരത്തേ 3 കോടിയാണ് അനുവദിച്ചിരുന്നത്. പുതിയ സർക്കാർ ബജറ്റിൽ 10 കോടി രൂപ അനുവദിക്കുകയായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി പുതിയ ബസ്‌സ്റ്റാൻഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ഗതാഗത ക്രമീകരണങ്ങൾ.
നരിക്കുനി ഭാഗത്തു നിന്നും വരുന്നതും ബസ്‌സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതുമായ ബസ്സുകൾ കെഎംഒ സ്‌കൂൾ റോഡിലേക്ക് കയറ്റി തിരിച്ച് നരിക്കുനി റോഡിൽ തന്നെ പാർക്ക് ചെയ്യണം. ഇവിടെ വെച്ചായിരിക്കണം ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. കോഴിക്കോട് ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ സാഞ്ചി സൂപ്പർ മാർക്കറ്റിന് സമീപം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. താമരശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ ബസ്‌സ്റ്റാൻഡിന് സമീപമുള്ള ജവഹർ ബിൽഡിങ്ങിന് അടുത്തായി നിർത്തേണ്ടതാണ്. കോഴിക്കോട് ഭാഗത്തു നിന്നും ഓമശ്ശേരി ഭാഗത്തേക്കും തിരിച്ചുമുള്ള ബസ്സുകൾ ബസ്‌സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കരുത്. പകരം അൻസാരി ടെക്സ്റ്റയിൽസിന് സമീപമുള്ള സ്റ്റോപ്പുകളിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.