Trending

കുന്ദമംഗലം പത്താം മൈലിൽ സ്‌കൂൾ വാനിൽ ബസ്സിടിച്ച് വിദ്യാർത്ഥികൾ അടക്കം 13 പേർക്ക് പരിക്ക്.


കുന്ദമംഗലം: കുന്ദമംഗലം പത്താം മൈലിൽ ദേശീയപാതയിൽ സ്വകാര്യ ബസ് സ്‌കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന മിനി വാനിൽ ഇടിച്ച് അപകടം. അപകടത്തിൽ 13 പരിക്കേറ്റു. കുന്ദമംഗലം വരട്ട്യാക്കിലുള്ള അരവിന്ദ വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 12 വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം. നരിക്കുനിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മിനി വാനിൽ ഇടിച്ചത്. കുട്ടികളെ കയറ്റിയ ശേഷം മിനി വാൻ പ്രധാന റോഡിലേക്ക് കയറ്റി തിരിക്കുന്നതിനിടയിലാണ് ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മിനി വാൻ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാനിൽ ഇടിച്ച സ്വകാര്യ ബസ് അമിത വേഗത്തിൽ അല്ലാതിരുന്നത് അപകടത്തിൻ്റെ കാഠിന്യം കുറച്ചു.

അപകടത്തിൽ വാൻ ഭാഗികമായി തകർന്നു. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്നാണ് കുട്ടികളെയും അധ്യാപികയെയും വാനിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ദേശീയപാതയിലെ തിരക്കേറിയ സമയത്ത് അപകടം നടന്നത് ആശങ്ക വർധിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post