Trending

ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങളെടുത്ത് പണം നല്‍കാതെ മുങ്ങി; നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ.


കുന്ദമംഗലം: ജ്വല്ലറിയില്‍ നിന്നും പണം നല്‍കാതെ ആഭരണങ്ങൾ എടുത്ത് മുങ്ങിയ യുവാവ് പിടിയിൽ. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി അഭിഷേക് (25) ആണ് കുന്ദമംഗലം പോലീസിൻ്റെ പിടിയിലായത്. ചാത്തമംഗലം സ്വദേശി പ്രജീഷ്കുമാറിൻ്റെ ജ്വല്ലറിയിൽ നിന്നാണ് ഇയാള്‍ ആഭരണങ്ങള്‍ എടുത്തത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സങ്കീര്‍ത്ഥ് എന്ന് പരിചയപ്പെടുത്തിയാണ് അഭിഷേക് ജ്വല്ലറിയില്‍ എത്തിയത്. പണം നൽകുമെന്ന് ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ സ്വർണം വാങ്ങിയത്. 8.080 ഗ്രാമിൻ്റെയും, 12.090 ഗ്രാമിൻ്റെയും രണ്ടു മാലകളായിരുന്നു എടുത്തത്. 

എന്നാല്‍ യഥാസമയം പണം ലഭിക്കാതായതോടെ അഭിഷേകിനെ പ്രജീഷ് ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് മറ്റൊരാളുടെ ഗൂഗിള്‍പേ വഴി 49,500 അയച്ചു നല്‍കുകയുമായിരുന്നു. എന്നാല്‍ അവശേഷിച്ച 2,60,500 രൂപ നല്‍കാതെ പ്രതി മുങ്ങി. പണം കിട്ടാതായതോടെ ഉടമ നൽകിയ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഫറോക്ക്, പന്നിയങ്കര, താമരശ്ശേരി, മട്ടന്നൂര്‍, കണ്ണൂര്‍, വളപട്ടണം പോലീസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള നിരവധി കേസുകള്‍ യുവാവിൻ്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post