കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ ഏകദേശം 35 ലക്ഷം രൂപയോളം വില വരുന്ന ഒരു കിലോ എംഡിഎംഎയുമായി കോഴിക്കോട് പന്തീരങ്കാവിൽ മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് മുഹമ്മദ് അർഷലാൽ (25), മലപ്പുറം ചേലേമ്പ്ര മേലെതൊടി ആദിൽഷ (20), മലപ്പുറം ഐക്കരപ്പടി അമ്പായത്തിങ്കൽ കുറിയേടം മുഹമ്മദ് ഫർഹാൻ (22) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പന്തീരാങ്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പന്തീരാങ്കാവ് ക്യാപ്പ്കോൺ സിറ്റി അപ്പാർട്ട്മെന്റിന് സമീപത്ത് വെച്ച് ഹരിയാന രജിസ്ട്രേഷൻ (HR 26 BX 0364) കാറിൽ വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിൽ നിന്നും ലഹരി ശേഖരിച്ച് കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവരും ഏറെനാളായി ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടയിലാണ് അർദ്ധരാത്രിയിൽ യുവാക്കൾ പിടിയിലാവുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.