ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിന് എന്ന് പരിഹാരമാകുമെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല. ഓരോദിവസം പിന്നിടുമ്പോഴും ടൗണിലെ ഗതാഗതക്കുരുക്ക് വർദ്ധിക്കുകയാണ്. ബാലുശ്ശേരി അറപ്പീടിക മുതൽ ബ്ലോക്ക് റോഡുവരെ നീളുകയാണ് വാഹനങ്ങളുടെ നീണ്ടനിര. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ മണിക്കൂറിലും കടന്നുപോകുന്നത്.
വയനാട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള വലിയ ചരക്കുവാഹനങ്ങളും ഈ വഴിക്കാണ് കടന്നുപോകുന്നത്. ഇതുകൂടാതെ കൂരാച്ചുണ്ട്, കക്കയം, കൂട്ടാലിട, നടുവണ്ണൂർ, നന്മണ്ട ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളും വിവിധ റോഡുകൾ വഴി ടൗണിലെത്തുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഈ ദുരിതത്തിന് പരിഹാരം കാണുന്നതിനായി ബൈപ്പാസ് നിർമ്മിക്കാൻ പലതവണ ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കാൻ പോലും ഇതേവരെ കഴിഞ്ഞിട്ടില്ല.
ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡും പോലീസും പെടാപ്പാട് പെടുകയാണ്. യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യമുയരാൻ തുടങ്ങിയിട്ട് വർഷം 20 കഴിഞ്ഞു. റോഡിന്റെ വീതിക്കുറവും ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ ഇടയാക്കുന്നു. ഓട്ടോ പാർക്കിങ്ങിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ ഇതേവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.