പേരാമ്പ്ര: പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇന്ന് വൈകുന്നേരം 3.15 ഓടെ ആഞ്ഞടിച്ച കാറ്റിൽ വൻ മരങ്ങളും തെങ്ങുകളും കടപുഴകി വീണു. പാറാട്ടുപാറയിലെ പാറാട്ടുപൊയിൽ അനിതയുടെ വീടിനു മുകളിൽ മരം വീണ് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചു. കൂടാതെ, ശശികുമാർ പേരാമ്പ്രയുടെ വീട്ടുപറമ്പിലെ തെങ്ങു മുറിഞ്ഞുവീണു വാഴകൾ കാറ്റിൽ നശിക്കുകയും, ഇവിടെ മരം വീണ് വൈദ്യുതി ലൈനും പോസ്റ്റും തകർന്നു വീഴുകയും ചെയ്തു. പേരാമ്പ്ര ബൈപ്പാസിൽ മരം കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചു.
ഗ്രാമീണ മേഖലകളിൽ വൻതോതിൽ കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാപകമായി തെങ്ങുകളും കുലച്ച വാഴകളും നിലംപൊത്തി. ബൈപ്പാസ് റോഡ് പരിസരത്താണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ഇവിടെ പലയിടങ്ങളിലും മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വൈദ്യുതി പോസ്റ്റുകൾ തകരുകയും ലൈനുകൾ പൊട്ടിവീഴുകയും ചെയ്തതോടെ മേഖലയിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.