കോഴിക്കോട്: ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് ഹാജറാക്കുമ്പോൾ ഇനിമുതൽ ക്ഷേമനിധി രസീത് വേണമെന്നില്ല. ഇതില്ലെങ്കിലും ഫിറ്റ്‌നസ് നിഷേധിക്കരുതെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു. ക്ഷേമനിധി രസീത് വേണമെന്നത് സംസ്ഥാനത്തെ മോട്ടോർ തൊഴിലാളികളെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു.
മുൻപ് ഇഷ്ടമുള്ളവർ മാത്രം ക്ഷേമനിധിയിൽ ചേർന്നാൽ മതിയായിരുന്നു. അതിനാൽ കുറേ തൊഴിലാളികൾ ചേർന്നില്ല. പിന്നീട് കെ.ബി ഗണേഷ്‌കുമാർ മന്ത്രിയായതിന് ശേഷം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് ക്ഷേമനിധി അടച്ചതിന്റെ രസീത് നിർബന്ധമാക്കുകയായിരുന്നു.
വാഹനം റോഡിലിറക്കിയ കാലം മുതലുള്ള ക്ഷേമനിധി കുടിശ്ശിക അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തൊഴിലാളി സംഘടനകളുടെയും നിരന്തര അഭ്യർത്ഥനകൾക്ക് ഒടുവിലാണ് ഈ നിർദ്ദേശം മാറ്റി പുതിയ ഉത്തരവിറക്കിയത്.
കേന്ദ്ര മോട്ടോർവാഹന ചട്ടപ്രകാരം ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ക്ഷേമനിധി രസീത് ആവശ്യമില്ല. മറ്റു രേഖകളെല്ലാം സാധുവാണെങ്കിൽ, ക്ഷേമനിധി രസീതിൻ്റെ പേരിൽ ഫിറ്റ്നസ് നിഷേധിക്കരുത്. അത് നിയമവിരുദ്ധമാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
ക്ഷേമനിധി ഗുണകരം.
ഫിറ്റ്നസിന് രസീത് നിർബന്ധമല്ലെങ്കിലും ക്ഷേമനിധിയിൽ തുടരുന്നത് തൊഴിലാളികൾക്ക് ഗുണകരമാണ്. ക്ഷേമനിധി വഴി ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്.
വിവാഹത്തിന്: തൊഴിലാളിക്കും രണ്ടു മക്കൾക്കും 40,000 രൂപവീതം.
മരണാനന്തരം: സ്വാഭാവിക മരണത്തിന് ഒരുലക്ഷവും അപകടമരണത്തിന് രണ്ടുലക്ഷം രൂപയും.
ചികിത്സയ്ക്ക്: ചികിത്സാസഹായമായി ഒരു ലക്ഷം രൂപവരെ.
അടച്ചതും പെൻഷനും: 60 വയസ്സ് തികയുമ്പോൾ അടച്ച തുക പലിശസഹിതം തിരികെ ലഭിക്കുന്നതിനൊപ്പം പ്രതിമാസ പെൻഷനുമുണ്ടാകും.