കോഴിക്കോട്: മത്സ്യവിഭവങ്ങൾ വളരെയധികം പോഷകസമൃദ്ധമാണ് എന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, എല്ലായ്‌പ്പോഴും അവ ആരോഗ്യത്തിന് നല്ലതായിക്കൊള്ളണം എന്നില്ല. ചില പ്രത്യേകതരം മത്സ്യം കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. അതിനാൽ, സൗജന്യമായി കിട്ടിയാൽ പോലും കഴിക്കാൻ പാടില്ലാത്ത ചില മത്സ്യങ്ങളെക്കുറിച്ചും അവയുടെ അപകട സാദ്ധ്യതകളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
അതിൽ ആദ്യത്തേതാണ് ഫോർമാലിൻ കലർന്ന മീനുകൾ. മത്സ്യങ്ങൾ ചീഞ്ഞു പോകാതിരിക്കാനായി ഉപയോഗിക്കുന്ന മാരകമായ രാസവസ്‌തുവാണ് ഫോർമാലിൻ. രണ്ടാമത്തേത് അമിതമായി മെർക്കുറി അടങ്ങിയ മത്സ്യങ്ങൾ. കടലിലെ ചില വലിയ മത്സ്യങ്ങളിൽ അമിതമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടാകും. സ്രാവ്, വാള, കിംഗ് മാക്കറൽ എന്നിവ ഇതിൽപ്പെടുന്നു. ഇവയിലെ മെർക്കുറി തലച്ചോറിനെയും നാഡീവ്യൂഹത്തെയും ദോഷകരമായി ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
ഫാമുകളിൽ വളർത്തുന്ന മത്സ്യങ്ങൾ ഇന്ന് ധാരാളമായി വിപണിയിൽ ലഭ്യമാണ്. ചില ഫാമുകളിലാണെങ്കിൽ മീനുകൾ അതിവേഗം വളരുന്നതിനായി വലിയ അളവിൽ ആന്റിബയോട്ടിക്കുകളും വളർച്ചാ ഹോർമോണുകളും നൽകുന്നു. ഈ മീനുകൾ മനുഷ്യരിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. അതുപോലെതന്നെ ഫാക്‌ടറി മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ കലരുന്ന തടാകങ്ങളിൽ വളരുന്ന മീനുകളിൽ വലിയ അളവിൽ ലോഹത്തിന്റെ അംശം കാണപ്പെടുന്നു. ഇവയും ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.