തിരുവനന്തപുരം: കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലവർധനക്കെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ. പ്രതിഷേധസൂചകമായി മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ്സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും നടത്തും.
കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് എൽപിജി സിലിണ്ടറിന്റെ വില കേന്ദ്രസർക്കാർ കുത്തനെ കൂട്ടിയത്. 993 രൂപയാണ് ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. തീർത്തും അന്യായമായ വില വർദ്ധനയാണ് വരുത്തിയിരിക്കുന്നതെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു. 1498 രൂപയാണ് അഞ്ചു മാസത്തിനിടെ വർദ്ധിപ്പിച്ചത്. ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലവർദ്ധന. എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ്സ് അസോസിയേഷൻ അറിയിച്ചു.
പുതുക്കിയ നിരക്ക് പ്രകാരം 19 കിലോ സിലിണ്ടറിന് കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില. അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. യുദ്ധം വ്യാപാര-വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം വില വർദ്ധനവും നടത്തുന്നത്.