മുക്കം: കാരശ്ശേരിയിൽ വീട്ടിൽ കയറിയ കള്ളനെ പിടികൂടാൻ ശ്രമിച്ച ഗൃഹനാഥന്റെ കൈവിരല്‍ കള്ളൻ കടിച്ചു മുറിച്ചു. കാരശ്ശേരി നെല്ലിക്കാപ്പറമ്പ് താളത്തില്‍ കോട്ടമ്മല്‍ ഹാരിസിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. ഹാരിസ് പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ സമയത്ത് അടുക്കളയോട് അനുബന്ധിച്ചുള്ള ഡൈനിംഗ് ഹാളിൽ ഒരാൾ നിൽക്കുന്നു. മകനാണെന്ന് കരുതി വിളിച്ചപ്പോള്‍ ഇയാള്‍ അടുക്കള ഭാഗത്തേക്ക് ഓടി. അടുക്കള വാതില്‍ പൂട്ടാറുള്ളതിനാല്‍ മോഷ്ടാവിന് അകത്തു കയറാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയെത്തിയ ഹാരിസ് ഇയാളെ പിടികൂടുകയായിരുന്നു
എന്നാല്‍ ‘ഛോഡ്‌ദോ’ എന്ന് പറഞ്ഞ് കള്ളൻ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും ഹാരിസ് പിടിവിട്ടില്ല. പിന്നീട് ഇയാൾ ഹാരിസിൻ്റെ കൈവിരലില്‍ കടിച്ചു. വേദനകൊണ്ട് പിടിവിട്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കടിയേറ്റ് ഹാരിസിൻ്റെ കൈയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീട്ടുകാരുടെ ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും കള്ളൻ ഓടി രക്ഷപ്പെട്ടിരുന്നു. ഇതര സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന് കരുതുന്നതായി ഹാരിസ് സംശയം പ്രകടിപ്പിച്ചു. മോഷണശ്രമം സംബന്ധിച്ച് വീട്ടുകാർ മുക്കം പോലീസില്‍ പരാതി നല്‍കി.