കോടഞ്ചേരി: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഇരുവഞ്ഞിപ്പുഴയിൽ യുവതിയെ കാണാതായി. കാലംപാറ തൂക്കുപാലത്തിന് സമീപം ശക്തമായ ഒഴുക്കിൽപ്പെട്ട് മലപ്പുറം കീഴ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ഉൾവനത്തിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. ഈ സമയത്ത് പുഴയിലെ കല്ലിന് മുകളിൽ ഇരിക്കുകയായിരുന്ന ജെസ്‌ന പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും പ്രദേശവാസികളും കാണാതായ യുവതിക്കായി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.