Trending

പേരാമ്പ്രയിൽ ലഹരി നൽകി കൂട്ടബലാത്സംഗം: പരാതി ലഭിച്ച് മണിക്കൂറുകൾക്കകം നാല് പ്രതികൾ പിടിയിൽ.


പേരാമ്പ്ര: യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ നാലുപേർ പിടിയിൽ. വെള്ളിയൂർ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ, നടുവണ്ണൂർ കളയംകുളത്ത് റജീഷ്, നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് മണിക്കൂറുകൾക്കകമാണ് പേരാമ്പ്ര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതിയാണ് പരാതിക്കാരി. ലഹരി നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബന്ധുവായ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് ഇതു ഉപയോഗിച്ച് മറ്റു പ്രതികളെ ഭീഷണിപ്പെടുത്തി പണം പറ്റിയെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പോലീസിൽ പരാതി നൽകിയത്.

കാപ്പാട്, കോഴിക്കോട് മാങ്കാവ്, ആഴ്ചവട്ടം, കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ റജീഷ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണെന്ന് പോലീസ് അറിയിച്ചു. കാപ്പാ കേസിൽ നടപടി നിലനിൽക്കെ സ്വന്തം പിതാവിനെ മർദ്ദിച്ച് വാരിയെല്ലിന് പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള പേരാമ്പ്ര എ എസ്പി ആരതി ഐപിഎസ് അറിയിച്ചു.

പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ എം.കെ അനിൽകുമാർ, എസ്പി സ്ക്വാഡംഗങ്ങളായ എ എസ്ഐ. സി.എം സുനിൽകുമാർ, എസ് സിപിഒ ശോഭിത്ത്, സിപിഒ ലിധിൻ, പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ ശിവപ്രസാദ്, ഡ്രൈവർ സിപിഒ ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി നാലു പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post