കാസർകോട്: കാസർകോട് പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര കീക്കാനിൽ ധ്യാൻരാജ് (15) ആണ് മരിച്ചത്. കാസർകോട് ബിഇഎം എച്ച്എസ് സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടിലെ മച്ചിൽ ബെൽറ്റിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വീട്ടുകാർ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
മരണകാരണം സംബന്ധിച്ച് ബേക്കൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.