കൊടുവള്ളി: കൊടുവള്ളി മദ്രസ ബസാറിൽ വാഹനാപകടത്തിൽ ഏഴുപേർക്ക് പരിക്ക്. തെറ്റായ ദിശയിൽ അമിത വേഗതയിലെത്തിയ കാർ ലോറിയിലും, മറ്റൊരു കാറിലും ഇടിച്ചായിരുന്നു അപകടം. കൈതപ്പൊയിൽ സ്വദേശികളായ ആദം (6), ഫർസാന (27), സലീം (53), സുഹൈൽ (25), റസിയ (47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി (70), താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിനി വനജ (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.
താമരശ്ശേരി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിർദിശയിൽ വന്ന മാരുതി സുസുക്കി റിറ്റ്സ് കാർ ഇടിക്കുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേർക്കും സാരമായി പരിക്കേറ്റു. കൂടാതെ മറ്റൊരു കാറിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ 2 പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ കൈതപ്പൊയിൽ സ്വദേശികളേയും, മുണ്ടോത്ത് സ്വദേശി മോഹിനിയയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.