ബാലുശ്ശേരി: എരമംഗലം കോമത്ത്ചാലിൽ ക്വാറിക്കെതിരെ ഉപരോധ സമരം നടത്തുന്ന ജനകീയ സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. 22 ദിവസത്തോളമായി എരമംഗലം ക്വാറിക്ക് മുമ്പിൽ ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ ക്വാറിയിൽ നിന്നുള്ള കരിങ്കൽ ലോറി തടഞ്ഞുകൊണ്ട് ഉപരോധ സമരം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ ആരംഭിച്ച ഉപരോധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടക്കമുള്ള 41ഓളം വരുന്ന സമരക്കാരെയാണ് ബാലുശ്ശേരി സിഐ കെ.ജെ ബിനോയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.
ക്വാറി പ്രവർത്തിപ്പിക്കാനുള്ള കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. സമരക്കാരെ ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിൽ കയറ്റാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടലനുഭവപ്പെട്ട കുട്ടികളടക്കം നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ എരമംഗലം മുഹമ്മദ് ഫാസിൽ (10), അൽത്തീഫ് (10), ഹർഷിന (31), ശാബിന (49) എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത 41 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പേരാമ്പ്ര ഡിവൈഎസ്പി അഗസ്റ്റിൻ സ്ഥലത്തെത്തി സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. ക്വാറി ഉടമകൾക്ക് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവുള്ളതിനാൽ ഉപരോധ സമരം ക്വാറിയിൽ നിന്നുള്ള ലോറികൾ തടഞ്ഞു കൊണ്ട് ചെയ്യരുതെന്നും സമരപ്പന്തലിലിരുന്ന് ഉപരോധ സമരം രമ്യമായി നടത്തണമെന്നും ഡിവൈഎസ്പി ആവശ്യപ്പെട്ടിരുന്നു. സമരസമിതി പ്രവർത്തകരുമായി തീരുമാനിച്ചു മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് നേതാക്കളും പറഞ്ഞു. വൈകീട്ട് സമരസമിതി പ്രവർത്തകർ നടത്തിയ ചർച്ചയിൽ ഉപരോധ സമരം ശക്തമായി മുമ്പോട്ടു കൊണ്ടുപോകാനും ക്വാറിയിൽ നിന്നുള്ള ലോറികൾ തടയാനുമാണ് തീരുമാനമെടുത്തത്.
കഴിഞ്ഞ ഏറെ വർഷമായി തുടരുന്ന ക്വാറി പ്രവർത്തനം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ക്വാറിക്കെതിരെ പ്രതിക്ഷേധമുയർന്നിട്ടുള്ളത്. പരാതികൾ നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിൽ ആറിന് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം വീണ്ടും രൂക്ഷമായത്. പാരിസ്ഥിതികാനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും ക്വാറി ഉടമകൾ ഖനനം വർദ്ധിപ്പിച്ചതോടെ പ്രദേശവാസികളുടെ സ്വൈര്യജീവിതം കൂടുതൽ ദുരിതമാകുകയായിരുന്നു.