ആലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ നേഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബംഗളൂരുവിൽ നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. വിദേശത്തേയ്ക്ക് പോകുന്നതിനായി ബംഗളൂരുവിലെ ജോലി രാജിവെച്ച് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഒരു മാസം മുമ്പാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായതിന് ശേഷം ഡിസ്ചാർജായി വീട്ടിലെത്തിയതിന് പിന്നാലെ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
18 ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതേസമയം, ആര്യമോൾക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് മുൻപും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ ഉൾപ്പെടെയുള്ളവർ മരിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. വിജയൻ-അമ്പിളി ദമ്പതികളുടെ മകളാണ് ആര്യമോൾ. സൂര്യ, രേവതി എന്നിവർ സഹോദരിമാരാണ്.