മുംബൈ: മുംബൈയിൽ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമല്ല നാലുപേരുടെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് പ്രാദമിക റിപ്പോർട്ട്. മൊബൈൽ ആക്‌സസറീസ് കട നടത്തിയിരുന്ന അബ്ദുള്ള ദോകാഡിയ (45), ഭാര്യ നസ്രീൻ (35), പെൺമക്കളായ സൈനബ് (13), അയിഷ (16) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് മരണപ്പെട്ടത്.
വീട്ടിൽ നിന്നും ശേഖരിച്ച സാമ്പിളിൽ കൃത്രിമ നിറമോ മധുരമോ ചേർത്തതായി കണ്ടെത്താനായില്ലെന്ന് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റിപ്പോർട്ട്. മരിച്ചവരിലെ ആന്തരിക അവയവങ്ങളിലെ പച്ച നിറം എന്തോ മാരക വിഷം ഉള്ളിലെത്തിയതിന്റെ സൂചനയാണെന്നാണ് പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിലുള്ളത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികമായ മറ്റെന്തോ ഉണ്ടെന്ന സംശയം ബലപ്പെട്ടത്.
സംഭവദിവസം ബന്ധുക്കളോടൊപ്പം അത്തായം കഴിച്ചതിന് ശേഷം അർദ്ധരാത്രിയിൽ ഒന്നരയോടെയാണ് ഇവർ തണ്ണിമത്തൻ കഴിച്ചത്. രാവിലെ നാലരയോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും മരണത്തിന് കീഴടങ്ങി. അബ്ദുള്ളയുടെ ശരീരത്തിൽ വേദന സംഹാരിയായി ഉപയോഗിക്കുന്ന മോർഫിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മോർഫിൻ എങ്ങനെ ഇയാളുടെ ഉള്ളിലെത്തി എന്നതിൽ അന്വേഷണം നടക്കുകയാണ്. ഇത് ചികിത്സയുടെ ഭാഗമായി കഴിച്ചതാണോ, അതോ മറ്റാരെങ്കിലും കഴിപ്പിച്ചതാണോ എന്നത് വിശദമായി അന്വേഷിക്കും. ആന്തരികാവയവ പരിശോധനയുടെ വിശദമായ റിപ്പോർട്ട് കാത്തിരിക്കുകയാണ് അധികൃതർ.
അതേസമയം ദുരന്തത്തിന് കാരണമായേക്കാവുന്ന ഏതെങ്കിലും വ്യക്തിപരമോ സാമ്പത്തികമോ ആയ സമ്മർദ്ദം കുടുംബത്തിന് ഉണ്ടായിരുന്നോ എന്ന് പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു. തണ്ണിമത്തൻ സ്വാഭാവികമായി ദോഷകരമല്ലെങ്കിൽ പോലും, തണ്ണിമത്തനിൽ ബാഹ്യ വിഷ പദാർത്ഥമോ മായം കലർന്നതോ ആയിരിക്കുമോ എന്ന് എഫ്ഡിഎ പരിശോധിക്കുന്നു.