ന്യൂഡല്‍ഹി: ഹന്ത വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) ഡയറക്ടര്‍ ഡോ. നവീന്‍കുമാര്‍. വൈറസിന് സമൂഹ വ്യാപനത്തിനുള്ള സാധ്യതകള്‍ നിലവിലില്ലെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ വിനോദസഞ്ചാര കപ്പലിലെ രണ്ട് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ഐസിഎംആര്‍ രംഗത്തെത്തിയത്.
വൈറസ് ബാധിച്ച ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എലികളിലൂടെയും കരണ്ടുതീനി വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റ് ജീവികളിലൂടെയുമാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പടരുന്നത്. ഇവയുടെ ഉമിനീര്‍, മൂത്രം, വിസര്‍ജ്യം എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗവ്യാപനം. വായുസഞ്ചാരം കുറഞ്ഞ ഗോഡൗണുകള്‍, കപ്പലുകള്‍, കലവറകള്‍ എന്നിവടങ്ങളില്‍ വെച്ച് വൈറസ് കണികകള്‍ ശ്വസിക്കുന്നതിലൂടെയാണ് മിക്കവും രോഗബാധിതരാവുന്നത്. കോവിഡിനെപ്പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് വേഗത്തില്‍ പടരില്ലെന്നും ഡോ. നവീന്‍കുമാര്‍ വ്യക്തമാക്കി.
ഹന്ത വൈറസ് രോഗലക്ഷണങ്ങൾ.
• രോഗബാധയുണ്ടായി ഒന്നുമുതല്‍ അഞ്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
• പെട്ടെന്നുണ്ടാകുന്ന പനി, കഠിനമായ ശരീരവേദന, തലവേദന, ക്ഷീണം, വയറുവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍.
• ഗുരുതരമായ ശ്വാസംമുട്ടല്‍, രക്തമസമ്മര്‍ദ്ദം കുറയുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക എന്നിവ സംഭവിക്കാം.