താമരശ്ശേരി: ലഹരിമാഫിയ സംഘം തടവിലാക്കിയ യുവാവിനെ പോലീസ് സംഘം നടത്തിയ റെയ്ഡിൽ രക്ഷപ്പെടുത്തി. ബംഗളൂരു കോത്തന്നൂരിൽ ട്രാവൽ ഏജൻസി നടത്തുന്ന വയനാട് സ്വദേശി സാജിദിനെയാണ് താമരശ്ശേരി പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ രക്ഷപ്പെടുത്തിയത്. ലഹരി സംഘത്തിൽപ്പെട്ട കളരാന്തിരി, വട്ടോത്ത് പുറായിൽ അപ്പാപ്പൻ എന്ന ശിഹാബ് (40), വാവാട് പാലക്കുന്നുമ്മൽ ആക്കോയി എന്ന അശ്വിൻ (25) എന്നിവരെ പോലീസ് പിടികൂടി.
മെയ് 3ന് ആണ് താമരശ്ശേരി കേന്ദ്രീകരിച്ചുള്ള പ്രതികൾ ഉൾപ്പെട്ട ലഹരിസംഘം എംഡിഎംഎ വാങ്ങുന്നതിനായി ബംഗളൂരുവിൽ എത്തുന്നത്. സാജിദ് മുഖേന ബംഗളൂരുവിലെ ലഹരി വിൽപ്പനക്കാരെ ബന്ധപ്പെട്ട സംഘം എംഡിഎംഎ വാങ്ങുന്നതിനായി 1.5 ലക്ഷം രൂപ സാജിദിന്റെ റൂമിൽ വെച്ച് ഇയാളുടെ സുഹൃത്തിന് നൽകിയിരുന്നതായും പണം നൽകിയിട്ടും ലഹരിമരുന്ന് കിട്ടാതായതിനെ തുടർന്ന് സംഘം സാജിദിനെ മയത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുവരുകയും തുടർന്ന് നാലു ദിവസമായി ഓമശ്ശേരി മുടൂർ സ്വദേശി ശിഹാബിന്റെ വാടക വീട്ടിലെത്തിച്ച് അവിടെ പൂട്ടിയിടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പണമോ അല്ലെങ്കിൽ എംഡിഎംഎയോ നൽകണമെന്ന് പറഞ്ഞ് സംഘം ഇയാളെ മർദ്ദിച്ചും ഭക്ഷണം കൊടുക്കാതെയും തടങ്കലിൽ പാർപ്പിക്കുകയായിരുന്നു. ഷിഹാബിനെ കഴിഞ്ഞ വർഷം 3 ഗ്രാം എംഡിഎംഎയുമായി വയനാട് പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇയാളുടെ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശിഹാബിന്റെ വീട്ടിൽ ഒരാളെ പൂട്ടിയിട്ടതായി പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്പി കെ. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് സംഘവും താമരശ്ശേരി പോലീസും നടത്തിയ പരിശോധനയിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. സാജിദിന്റെ പരാതിപ്രകാരം പിടിയിലായ ശിഹാബിന്റെയും അശ്വിന്റെയും പേരിൽ വധശ്രമത്തിനും തട്ടിക്കൊണ്ടുപോയി മർദ്ദിക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് പറഞ്ഞു.