Trending

കോഴിക്കോട് ഇടതുകോട്ടയില്‍ വിള്ളല്‍, യുഡിഎഫ് തരംഗത്തില്‍ കനല്‍ത്തരിയായി റിയാസ്.


കോഴിക്കോട്: ജില്ലയില്‍ ചരിത്രപരമായ നേട്ടമാണ് യുഡിഎഫിന് നേടാനായത്. 25 വര്‍ഷം മുമ്പ് ഒരു കോണ്‍ഗ്രസ് എംഎല്‍എ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് 2026-ല്‍ എത്തുമ്പോള്‍ നാദാപുരവും കൊയിലാണ്ടിയും ബാലുശ്ശേരിയും എലത്തൂരും പിടിച്ചെടുത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കോട്ടയാണ് ഇതുവഴി തകര്‍ന്നടിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന് ലഭിച്ച മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് നിയമസഭയിലും ആവര്‍ത്തിച്ചതെന്ന് എടുത്ത് പറയേണ്ടിവരും.

വടകരയില്‍ കെ.കെ രമയ്ക്ക് ഇരട്ടി മധുരമാണ്. ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിലാണ് കെ.കെ രമ മുമ്പെത്തേക്കാൾ ഭൂരിപക്ഷം ഉയര്‍ത്തി വിജയിച്ചിരിക്കുന്നത്. കോഴിക്കോട് നോര്‍ത്ത്, നാദാപുരം, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍ തുടങ്ങിയ സിപിഐഎം കുത്തകകള്‍ ഇക്കുറി തകര്‍ന്നുവീണു. കഴിഞ്ഞ തവണ പിടിച്ചെടുത്ത തിരുവമ്പാടി മണ്ഡലം മുസ്ലിംലീഗിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ലിന്റോ ജോസഫിന്റെ വ്യക്തിപ്രഭാവം യുഡിഎഫ് തരംഗത്തില്‍ വോട്ടായി മാറിയില്ലെന്ന് വേണം കരുതാന്‍. തിരുവമ്പാടിയില്‍ സാമുദായിക സമവാക്യവും കാര്യമായി വിലപ്പോയില്ല. സി.കെ. കാസിം മികച്ച വിജയമാണ് മണ്ഡലത്തില്‍ നേടിയത്.

സഹപാഠികളായ കെ.എം സച്ചിന്‍ദേവും കെ.എം അഭിജിത്തും ഒരേ ജില്ലയില്‍ നിന്ന് രണ്ട് മണ്ഡലങ്ങളിലായി വീണ്ടും മത്സരിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ തവണ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് സച്ചിന്‍ദേവ് വിജയിച്ചപ്പോള്‍ ഇക്കുറി മണ്ഡലം ഒപ്പം നിന്നില്ല. എന്നാല്‍ കഴിഞ്ഞ തവണ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് മത്സരിച്ച കെഎം അഭിജിത്തിന് വിജയം കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി നാദാപുരത്ത് നിന്ന് മത്സരിച്ച് അഭിജിത്ത് വിജയിച്ചപ്പോള്‍ സച്ചിന്‍ദേവിന് പരാജയം നുണയേണ്ടി വന്നു.

ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു വന്ന മണ്ഡലം പേരാമ്പ്രയായിരുന്നു. മുസ്ലീംലീഗില്‍ നിന്ന് ഫാത്തിമ തഹിലിയ മത്സരിക്കുന്നു എന്നതായിരുന്നു അതിലെ ഏറ്റവും വലിയ പ്രത്യേകത. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടിപി രാമകൃഷ്ണനെ 5087 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. മതം പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്നത് അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന മണ്ഡലം കൂടിയായിരുന്നു പേരാമ്പ്ര. 'ഖൗമിലെ കുട്ടി' എന്നതടക്കമുള്ള തഹിലിയക്കെതിരായ എല്‍ഡിഎഫ് പ്രചാരണവും ടിപി രാമകൃഷ്ണന് തിരിച്ചടിയായെന്ന് വിലയിരുത്തേണ്ടി വരും. മുസ്ലീംലീഗില്‍ നിന്നുള്ള ആദ്യ വനിതാ എംഎല്‍എ എന്ന ഖ്യാതി കൂടി ഇതിലൂടെ ഫാത്തിമ തഹിലിയ നേടുന്നു.

എലത്തൂര്‍ മണ്ഡലത്തില്‍ എ.കെ. ശശീന്ദ്രനെതിരെ വിരുദ്ധ വികാരം നിലനിന്നിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് ശശീന്ദ്രനെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ വിദ്യ ബാലകൃഷ്ണന്‍ മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

നാദാപുരത്തും കൊയിലാണ്ടിയും അട്ടിമറി വിജയമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ദാസന്‍ കൊയിലാണ്ടിയെ പരാജയപ്പെടുത്തിയാണ് കെ. പ്രവീണ്‍കുമാര്‍ കൊയിലാണ്ടി മണ്ഡലത്തില്‍ വിജയിച്ചത്. നാദാപുരത്ത് സിപിഐ ഇടക്ക് ലീഡ് ഉയര്‍ത്തിയെങ്കിലും പി വസന്തത്തിന് വിജയിക്കാനായില്ല. നാദാപുരത്ത് ഷാഫി പറമ്പില്‍ എഫക്ടും കെ.എം അഭിജിത്തിന്റെ വിജയത്തിന് കാരണമാണെന്ന് വിലയിരുത്തപ്പെടണം.

കോഴിക്കോട് സൗത്തും കഴിഞ്ഞ ഇടത് തരംഗത്തില്‍ എല്‍ഡിഎഫിന് ലഭിച്ച മണ്ഡലമായിരുന്നു. അതുകൊണ്ട് തന്നെയാണ് എല്‍ഡിഎഫ് ഇക്കുറിയും ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി അഹമ്മദ് ദേവര്‍കോവിലിനെ നിര്‍ത്തിയത്. എന്നാല്‍ ഇക്കുറി ലീഗ് സ്ഥാനാര്‍ത്ഥിയായ ഫൈസല്‍ ബാബുവിനാണ് നറുക്ക് വീണത്. സൗത്തില്‍ കഴിഞ്ഞ തവണ ആദ്യമായിട്ടായിരുന്നു ഐഎന്‍എല്‍ വിജയിച്ചത്. സാധാരണ ലീഗിനൊപ്പം നില്‍ക്കുന്ന മണ്ഡലം ലീഗ് തിരിച്ചുപിടിച്ചുവെന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാൽ ആദ്യഘട്ട വോട്ടെണ്ണലിൽ എൻഡിഎ സ്ഥാനാർത്ഥി ടി.രെനീഷ് മുന്നേറിയത് യുഡിഎഫ്- എൽഡിഎഫ് ക്യാംപുകളിൽ ആശങ്കയുണ്ടാക്കിയിരുന്നു.

കോഴിക്കോട് നോര്‍ത്താണ് മറ്റൊരു മണ്ഡലം. തോട്ടത്തില്‍ രവീന്ദ്രനൊപ്പം മണ്ഡലം ഇക്കുറി നിന്നില്ല. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. ജയന്താണ് വിജയിച്ചത്. കഴിഞ്ഞ തവണ കെ.എം അഭിജിത്തിന് സാധിക്കാത്തത് ഇക്കുറി കെ. ജയന്തിന് സാധിച്ചെടുക്കാനായി. കൊടുവള്ളി ലീഗ് നിലനിര്‍ത്തിയ മണ്ഡലമാണ്. അതേസമയം പി.ടി.എ റഹീമിന്റെ കുത്തക തച്ചുടച്ചാണ് എം.എ റസാഖ് മാസ്റ്റര്‍ കുന്ദമംഗലം പിടിച്ചെടുത്തത്. 

കോഴിക്കോട് ജില്ലയിൽ ബേപ്പൂര്‍ മണ്ഡലം മാത്രമാണ് ഇക്കുറി എല്‍ഡിഎഫിനൊപ്പം നിന്നത്. ജില്ലയിലെ കനല്‍ത്തരിയായി ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും പി.എ മുഹമ്മദ് റിയാസ് മാറി. പി.വി അന്‍വറായിരുന്നു മുഹമ്മദ് റിയാസിന്റെ എതിരാളി.

Post a Comment

Previous Post Next Post