Trending

ഇത് സിപിഎമ്മിന്റെ അവസാനമല്ല, തിരിച്ചുവരും; ജനവിധി അംഗീകരിക്കുന്നു- പിണറായി വിജയൻ.


കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ഒടുവില്‍ പ്രതികരിച്ച് പിണറായി വിജയന്‍. ജനവിധി അംഗീകരിക്കുന്നുവെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ല, പരാജയം വല്ലാണ്ട് അങ്ങ് ആഘോഷിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. തോല്‍വിയില്‍ പിണറായി മൗനം തുടരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

'ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിൽ‍ പരാജയപ്പെടാനിടയായി. ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങള്‍ വിധിയെഴുതിയത്. ആ ജനവിധി ഞങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ആ ജനവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണോ, അതില്‍ ഞങ്ങള്‍ക്കൊരു ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ്.' -പിണറായി പറഞ്ഞു.

'മാതൃകാപരമായ രീതിയില്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് കേരളത്തിന് ഉയര്‍ന്നുവരാന്‍ കഴിഞ്ഞുവെന്ന് തന്നെയാണ് ഞങ്ങള്‍ കാണുന്നത്. ഇതിന് തുടര്‍ച്ചവേണം. ആ തുടര്‍ച്ച ഞങ്ങള്‍ക്ക് മാത്രമേ നടത്താനാവൂ എന്ന് പറയുന്നില്ല. ആ നിര്‍ബന്ധവും ഞങ്ങള്‍ക്കില്ല. ജനവിധി വന്നിരിക്കുന്നു. ആ വിധിയുടെ ഭാഗമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ നാടിന്റെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്നവയെല്ലാം നടപ്പാക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. അത് നടപ്പാക്കുമ്പോള്‍ ക്രിയാത്മകമായ പിന്തുണയും നല്‍കും.'

'അതില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും തരത്തില്‍ നാടിന്റെ താത്പര്യത്തിനോ ജനങ്ങളുടെ ക്ഷേമത്തിനോ വിരുദ്ധമായ നടപടികളുണ്ടായാല്‍ അവയെല്ലാം അതിശക്തമായി എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. -പിണറായി പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തവാദികള്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ആണെന്ന രീതിയില്‍ പാര്‍ട്ടി കമ്മിറ്റികളില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിലും വിവിധ ജില്ലാ സെക്രട്ടേറിയേറ്റ് യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Post a Comment

Previous Post Next Post