ജിദ്ദ: ഹജ്ജിന് ഇനി നാലു ദിവസം മാത്രം. കേരളത്തിൽ നിന്നുള്ള എല്ലാ ഹജ്ജ് തീർത്ഥാടകരും മക്കയിലെത്തി. കൊച്ചിയിൽ നിന്നുള്ള തീർത്ഥാടകരാണ് അവസാന വിമാനത്തിൽ ജിദ്ദയിലെത്തിയത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ഹാജിമാരുടെ ആദ്യവരവ് ഏപ്രിൽ 30ന് ആയിരുന്നു.
കോഴിക്കോട് നിന്ന് (7), കണ്ണൂർ (13), കൊച്ചി (20) എന്നിങ്ങനെയാണ് കേരളത്തിൽ നിന്നും മക്കയിലെത്തിയ വിമാനങ്ങൾ. 13,194 ഹാജിമാരാണ് സംസ്ഥാനത്ത് നിന്ന് ആകെ ഹജ്ജിനെത്തിയത്. കൂടാതെ മാഹി, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏതാനും പേരും ഹജ്ജിനെത്തി. ലക്ഷദ്വീപിൽ നിന്നുള്ള 107 ഹാജിമാരും ഇതിൽ ഉൾപ്പെടും.
ജിദ്ദ വിമാനത്താവളം വഴിയാണ് മുഴുവൻ തീർത്ഥാടകരും എത്തിയത്. ഞായറാഴ്ച മുതൽ എത്തിയ 1,049 തീർത്ഥാടകർ ഷോർട്ട് ഹജ്ജ് വിഭാഗത്തിലാണ്. ഇവർക്ക് 20 മുതൽ 25 ദിവസത്തിനുള്ളിൽ ഹജ്ജ് നിർവഹിച്ചു മടങ്ങാം. ഈ മാസം 22നാണ് ഇന്ത്യയിൽ നിന്നുള്ള അവസാന വിമാനം. ഞായറാഴ്ച രാത്രി മുതൽ തീർത്ഥാടകർ ഹജ്ജിനായി മിനായിലേക്ക് നീങ്ങി തുടങ്ങും.