പേരാമ്പ്ര: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ സാദ്ധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താൻ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
എൻജിന്റെ റേഡിയേറ്റർ ഭാഗത്തും തീപിടിത്തത്തിനുള്ള സാധ്യത ഉണ്ടായിട്ടില്ല. വാഹനത്തിലെ എസി ഭാഗത്തും ഫോറൻസിക് വിഭാഗം പ്രശ്നങ്ങൾ കണ്ടെത്തിയില്ല. കാർ കത്തിത്തുടങ്ങുന്ന സമയത്ത് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നുണ്ട്. ഇതെങ്ങനെയുണ്ടായതാണെന്നതും വ്യക്തമല്ല. കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താനാകൂവെന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്. ഇതിനായി കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ചെറുവണ്ണൂർ കാക്കറമുക്ക് സ്വദേശി പൂവത്തും ചാലിൽ റിജിൻലാലിൻ്റെ ഭാര്യ സോന (30) യാണ് ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞത്. മരിച്ച സോന ആറു മാസം ഗർഭിണിയായിരുന്നു. ഡോക്ടറെ കണ്ട ശേഷം ഭര്‍ത്താവിനൊപ്പം സ്വിഫറ്റ് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വണ്ടിയില്‍ തീ പടര്‍ന്നത്. കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തുകയായിരുന്നു.
ഡ്രൈവർ സീറ്റിൽ നിന്ന് രജിൻലാലിന് പുറത്തിറങ്ങാനായെങ്കിലും കാറിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്ന സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍ സോനയുടെ ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാർ ഓടിച്ച 35- കാരനായ ഭർത്താവ് രജിൻലാൽ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.