Trending

മുക്കത്ത് അപകടത്തിൽപ്പെട്ട കാർ കടത്തിക്കൊണ്ടുപോയി; കേസെടുക്കാൻ പോലീസ് വിസമ്മതിച്ചതായി ആരോപണം.

മുക്കം: അപകടത്തിൽപ്പെട്ട കാർ ഉടമയുടെ അനുമതിയില്ലാതെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മുക്കം പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പരാതി നൽകാനെത്തിയ യുവാവിനോട് പോലീസ് ഉദ്യോഗസ്ഥൻ മോശമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം വിവാദമായത്.

ഓമശ്ശേരി മാനിപുരം സ്വദേശി അർഷാദിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറാണ് കഴിഞ്ഞ ദിവസം മുക്കം ഓടത്തെരുവിൽ നിന്ന് കാണാതായത്. ഒരു മാസം മുമ്പ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടതായിരുന്നു വാഹനം. അപകടത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ വാഹനത്തിലുള്ളവർ കാർ കൊണ്ടുപോയതാണെന്ന് വ്യക്തമായതോടെ അർഷാദ് പോലീസിനെ സമീപിച്ചു.

എന്നാൽ, സംഭവത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് പരാതിക്കാരൻ്റെ ആരോപണം. "കേസെടുക്കാൻ പറ്റില്ലെന്നും നിങ്ങൾ കണ്ടതുപോലെ ചെയ്തോളൂ" എന്ന് ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ പരാതിക്കാരനോട് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഉന്നത രാഷ്ട്രീയ സ്വാധീനത്തെത്തുടർന്നാണ് നടപടി വൈകുന്നതെന്ന് ആക്ഷേപമുണ്ട്.

ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതോടെ കാർ കടത്തിക്കൊണ്ടുപോയവർ വാഹനം തിരികെ പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. എങ്കിലും, ഉടമയുടെ അനുമതിയില്ലാതെ വാഹനം നീക്കം ചെയ്തതിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ പോലീസ് മടിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്.

Post a Comment

Previous Post Next Post