Trending

ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കം; തീർത്ഥാടകർ ഇന്ന് രാത്രി മുതൽ മിനായിലേക്ക് നീങ്ങും, ഇന്ത്യയിൽ നിന്ന് 1.22 ലക്ഷം ഹാജിമാർ.

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് നാളെ തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ ‘യൗമുത്തുർവിയ്യ’യിൽ (തർവിയാ ദിനം) പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ലക്ഷക്കണക്കിന് തീർത്ഥാടകർ ഇന്ന് രാത്രി മുതൽ മക്കയിൽ നിന്ന് മിനാ താഴ്‌വരയിലേക്ക് യാത്ര തിരിക്കും.

മക്കയിലെ താമസ കേന്ദ്രങ്ങളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് തീർത്ഥാടകർ വിശുദ്ധ കർമ്മങ്ങളുടെ ആദ്യഘട്ടത്തിലേക്ക് കടക്കുന്നത്. വിദേശ തീർത്ഥാടകരടക്കം ഏകദേശം 18 ലക്ഷത്തോളം പേരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാനായി സൗദിയിൽ എത്തിയത്. ആഭ്യന്തര ഹാജിമാരും തിങ്കളാഴ്ചയോടെ മിനായിൽ പൂർണമായി എത്തിച്ചേരും.

ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്ച നടക്കും. തിങ്കളാഴ്ച മിനായിൽ രാപ്പാർക്കുന്നതോടെയാണ് കർമ്മങ്ങൾക്ക് ഔദ്യോഗിക തുടക്കം. ചൊവ്വാഴ്ച പകൽ അറഫയിൽ സംഗമിക്കുകയും, സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫയിലേക്ക് നീങ്ങും. തുടർന്ന് രാത്രി അവിടെ ചെലവഴിക്കുകയും ചെയ്യും. ബുധനാഴ്ച മുതൽ തീർത്ഥാടകർ വീണ്ടും മിനായിലേക്ക് മടങ്ങിയെത്തും. ജംറകളിലെ കല്ലേറ്, ബലി കർമ്മം, മൂന്ന് ദിവസത്തെ രാപ്പാർക്കൽ എന്നിവ പൂർത്തിയാകുന്നതോടെ ഹജ്ജ് കർമ്മങ്ങൾ സമാപിക്കും.

ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർത്ഥാടകരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇന്ത്യൻ ഹാജിമാർക്ക് ഇന്ന് രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാനാണ് നിർദ്ദേശം. ഹജ്ജ് കമ്പനികൾക്കായി മശാഇർ മെട്രോ സൗകര്യവും ഇത്തവണ വ്യാപകമായി ഒരുക്കിയിട്ടുണ്ട്. ഇത്തവണ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം തീർത്ഥാടകരുടെയും മിനായിലേക്കുള്ള യാത്ര മെട്രോ വഴിയാണ്. മറ്റ് ഹാജിമാർക്കായി പ്രത്യേക ബസുകളും സജ്ജമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post