Trending

മന്തിക്കടയിൽ നിന്ന് ഫോണുകൾ മോഷ്ടിച്ച് കടന്നു കളഞ്ഞു; 5 മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ.


മുക്കം: നീലേശ്വരത്ത് പ്രവർത്തിക്കുന്ന മന്തിക്കടയിൽ നിന്നും 25,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞ ഹോട്ടൽ ജീവനക്കാരനെ മുക്കം പോലീസ് പിടികൂടി. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ് (22) മുക്കം പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. 

2025 ഡിസംബർ 5 നായിരുന്നു കേസിനാസ്പദമായ സംഭവം. നീലേശ്വരത്തെ 'എംആർഎസ് ഒലീവ് കിച്ചൻ' എന്ന കുഴിമന്തി കടയിൽ പുതുതായി ജോലിക്ക് കയറിയതായിരുന്നു അഭിഷേക്. എന്നാൽ ജോലിയിൽ പ്രവേശിച്ച അന്നുതന്നെ കടയിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകളും കവർന്ന് ഇയാൾ മുങ്ങുകയായിരുന്നു.

ഫോണുകൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട കടയുടമ ഉടൻതന്നെ മുക്കം പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കുകയുമായിരുന്നു. ഒടുവിൽ പ്രതിയുടെ ഒളിത്താവളം മനസ്സിലാക്കിയ പോലീസ് സംഘം ഇടുക്കിയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുക്കം പോലീസ് സ്റ്റേഷനിലെ എസ്ഐ ശ്രീരാഗ്, എഎസ്ഐ റഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ അഭിലാഷ്, അനൂപ് തിരുവമ്പാടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post