എളേറ്റിൽ: എളേറ്റിൽ വട്ടോളി ചളിക്കോട് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാട്ടുപന്നിയുടെ ആക്രമത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. എളേറ്റിൽ വട്ടോളിയിലെ ഓട്ടോ ഡ്രൈവർ കോട്ടോപ്പാറ മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ (12) ആണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ചളിക്കോട് വേങ്ങയുള്ള കുന്നുമ്മലിൽ ഹംദാന്റെ മാതാവ് റജ്നയുടെ വീടിനടുത്തു വെച്ചായിരുന്നു സംഭവം. പത്തോളം കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് പന്നി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടെങ്കിലും ഹംദാനെ പന്നി കുത്തിവീഴ്ത്തി. ആക്രമണത്തിൽ കുട്ടിയുടെ കൈക്കും, കാലിനും ഒടിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുമുണ്ട്.
എളേറ്റിൽ ജിഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഹംദാൻ. ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം വർദ്ധിച്ചു വരുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. പകൽ സമയത്തുപോലും കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും, അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.