പേരാമ്പ്ര: കമ്പി ദേഹത്ത് തുളഞ്ഞു കയറി കാട്ടാന ചരിഞ്ഞു. ചക്കിട്ടപ്പാറ മുതുകാട് പയ്യാനിക്കോട്ടയിൽ കിഴക്കയില്ലപറമ്പിൽ കണാരന്റെ കൃഷിയിടത്തിലാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചിരുന്നു. ഇതിനിടെ അക്രമാസക്തയായ പിടിയാന സമീപത്തെ വീട്ടിലെ കാർഷെഡ് തകർക്കുന്നതിനിടയിൽ ഷെഡിന്റെ ഇരുമ്പ് തൂൺ നെഞ്ചിലേക്ക് തുളച്ചു കയറുകയായിരുന്നു.
കമ്പി തുളഞ്ഞുകയറിയ ആന വനത്തിലുളളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. എന്നാൽ ഇന്ന് പുലർച്ചെ രണ്ടിന് കൃഷിയിടത്ത് ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. കമ്പി തുളഞ്ഞുകയറി ചരിഞ്ഞ നിലയിലുള്ള ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ക്യാംപ് ചെയ്യുന്നുണ്ട്.