വടകര: വിഷു ദിനത്തിൽ നാടിനെ കണ്ണീരിലാഴ്ത്തി പതിനാറുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. വടകരയ്ക്ക് അടുത്ത് ആയഞ്ചേരിയിലാണ് സംഭവം. കാക്കുനി തുലറ്റുന്നട സ്വദേശിയായ ഹേമന്ദ് ബാബു (16) ആണ് മരിച്ചത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി അമ്പലത്തിൽ കണി വച്ച ശേഷം ഹേമന്ദ് സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
നീന്തൽ വശമില്ലാതിരുന്ന കുട്ടി, വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന 'തൊണ്ടര' (ഉണങ്ങിയ തേങ്ങയുടെ തൊണ്ട് കോർത്തത്) ഉപയോഗിച്ചാണ് കുളത്തിലിറങ്ങിയത്. കുളിക്കുന്നതിനിടെ ശരീരത്തിൽ നിന്നും തൊണ്ടര വഴുതി മാറിയതോടെ കുട്ടി വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്നു ഹേമന്തിനെ പുറത്തെടുക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് വടകര ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഹേമന്തിനെ കരയ്ക്കെത്തിച്ചു ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയഞ്ചേരി റഹ്‌മാനിയ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ഹേമന്ദ്. അച്ഛൻ: പാറക്കുതാഴെ ബാബു. അമ്മ: പ്രേമ. സഹോദരി: ശ്രീദിയ. സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ.