പയ്യോളി: പയ്യോളിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് സേവന നഗറിൽ ചെറിയഞ്ചാൽ താരേമ്മൽ രജില (42) യാണ് മരിച്ചത്. അയനിക്കാട് 24-ാം മൈലിന് സമീപം തിക്കോടി ഭാഗത്തേക്കുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യോളിയിലെ കെ.എ സൂപ്പർമാർക്കറ്റ് ജീവനക്കാരിയാണ്.
ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. മൃതദേഹം പൂർണ്ണമായും ഛിന്നഭിന്നമായ നിലയിലായിരുന്നു. ഒന്നിലധികം ട്രെയിനുകൾ മൃതദേഹത്തിലൂടെ കയറിയിറങ്ങിയതായാണ് പ്രാഥമിക നിഗമനം. ശരീരഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ മീറ്ററുകൾ ദൂരത്തോളം ചിതറിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. സംഭവമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഭർത്താവ്: രാജീവൻ. മക്കൾ: തീർഥ, തരുൺ. പിതാവ്: പരേതനായ രാജു. മാതാവ്: ലീല. സഹോദരി: വിജില (ദുബൈ).