Trending

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി മുംബൈയില്‍ പിടിയിലായി.


കോഴിക്കോട്: കുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആണ് പിടിയിലായത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി കഴിഞ്ഞ വർഷം ഡിസംബര്‍ 29ന് ആണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്.

ശുചിമുറിയുടെ ചുമര്‍ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതില്‍ ചാടി പുറത്തുപോവുകയായിരുന്നു. പ്രതിക്കായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ വിചാരണ തടവുകാരനായിരുന്ന പ്രതിയെ മാനസിക പ്രശ്നത്തെ തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡിസംബര്‍ 10ന് കുതിരവട്ടത്ത് എത്തിച്ചത്. 

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണിലാണ് എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. ജയിലില്‍ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാക്കിയത്. 2022ലും പ്രതി വിനീഷ് ഇതേ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നാട്ടുകാര്‍ പിടികൂടിയാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും വിനീഷിന്റെ പേരിലുണ്ട്. 

സംഭവദിവസം ദൃശ്യയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയും പ്രതി കത്തിച്ചിരുന്നു. ദൃശ്യയെ വീട്ടിലെത്തി കൊലപ്പെടുത്താൻ വിനീഷ് കടയ്ക്ക് തീയിട്ട് ശ്രദ്ധ തിരിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് മറഞ്ഞ പ്രതി ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓട്ടോയുടെ ഡ്രൈവര്‍ ജൗഹര്‍ നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ സൂചനപ്രകാരം തന്ത്രപൂര്‍വം ഇയാളെ സ്റ്റേഷനില്‍ എത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.

Post a Comment

Previous Post Next Post