താമരശ്ശേരി: കോടതി ഉത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ കുടുംബവും. ഇന്ന് ഉച്ചയോടെ താമരശ്ശേരി കോടതിക്ക് മുന്നിലാണ് സംഭവം. പെൺകുട്ടിക്ക് കാമുകനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് നടുറോഡിൽ ഏറ്റുമുട്ടുകയായിരുന്നു. മുക്കം സ്വദേശി നാസറിന്റെ മകൾ നിതാ ഷെറിനെ കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം പോകാനാണ് കോടതി അനുവദിച്ചത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ നാലാം തിയതി പെൺകുട്ടിയുടെ ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ കാമുകനൊപ്പം പോയ പെൺകുട്ടിയെ പോലീസ് വിളിച്ചുവരുത്തി. പെൺകുട്ടിയുടെ മൊഴിയടക്കം രേഖപ്പെടുത്തുകയും തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം പെൺകുട്ടിക്ക് കാമുകനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടു. ശേഷം കാമുകനോപ്പം പെൺകുട്ടി കോടതിയിൽ നിന്ന് ഇറങ്ങുമ്പോഴാണ് നടുറോഡിൽ സംഘർഷമുണ്ടായത്.
പെൺകുട്ടിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ശ്രമം നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് യുവാവ് എതിർത്തതോടെയാണ് അടിപിടിയിൽ കലാശിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം പോകാൻ പെൺകുട്ടി തയ്യാറായിരുന്നു. പോകാനൊരുങ്ങിയ പെൺകുട്ടിയെ യുവാവ് തടഞ്ഞു. യുവാവിനൊപ്പം സുഹൃത്തുക്കളടക്കമുള്ളവരും ചേർന്നതോടെ വൻ സംഘർഷത്തിൽ എത്തുകയായിരുന്നു.