നാദാപുരം: നാദാപുരം മയ്യയി പുഴയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു. പുളിയാവ് അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹദ മറിയം, അൻസാറിന്റെ സഹോദരപുത്രി കെൻസാ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം.
വെള്ളത്തിൽ മുങ്ങിതാഴ്ന്ന കെൻസ മറിയത്തെ രക്ഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മയ്യഴി പുഴയുടെ ഭാഗമായ വേവത്താണ് നാടിനെ നടുക്കിയ ദാരുണ സംഭവം. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മൂന്നു പേരെയും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.