പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. വാര്യാപുരം ആരോമലാണ് (24) ഭാര്യ തിരികെ വരാൻവേണ്ടി ഭീഷണി മുഴക്കിയത്. ഭാര്യയുടെ വീടിന് മുൻപിലെ ട്രാൻസ്ഫോർമറിന് മുകളിൽ കയറിയിരുന്നായിരുന്നു ആത്മഹത്യാ ഭീഷണി. ശനിയാഴ്ച രാത്രി പത്തനംതിട്ട ഊന്നുകല്ലിലാണ് സംഭവം.
ഗർഭിണിയായ കാമുകിയെ ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്ന് താമസിപ്പിച്ചതോടെയാണ് ഭാര്യ പിണങ്ങിപ്പോയത്. ഇനി ഭർത്താവിനൊപ്പം മടങ്ങിപ്പോകില്ലെന്നാണ് യുവതിയുടെ നിലപാട്. ഇതോടെയാണ് 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻഫോമറിന് മുകളിൽ കയറി ആരോമൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. ഇവർ രാത്രിമുഴുവൻ നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് പുലർച്ചയോടെ യുവാവ് താഴെയിറങ്ങിയത്.