Trending

ഒടുവിൽ ശരണ്യയെ കണ്ടെത്തി; കാണാതായത് വന്യമൃഗങ്ങള്‍ രാപ്പകലെന്നില്ലാതെ കറങ്ങുന്ന വനപാതയില്‍.


ബംഗളൂരു: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ജി.എസ് ശരണ്യ (36)യെ ഒടുവിൽ കണ്ടെത്തി. നാല് ദിവസം നീണ്ട തെരച്ചിലിൽ താഴ്‍വാരത്തിൽ നിന്ന് തന്നെയാണ് ശരണ്യയെ കണ്ടെത്തിയത്. തിരച്ചിൽ സംഘം കണ്ടെത്തുമ്പോൾ ഒരു മരച്ചുവട്ടിൽ ഇരിക്കുന്ന നിലയിലായിരുന്നു ശരണ്യ. കർണാടക വനംവകുപ്പും പോലീസും ചേർന്നാണ് വനമേഖലയിൽ തെരച്ചിൽ നടത്തിയത്. നക്സൽ വിരുദ്ധ സേനാംഗങ്ങളും തെരച്ചിലിൽ പങ്കെടുത്തിരുന്നു. ശരണ്യ സുരക്ഷിതയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഏപ്രിൽ 2ന് രാവിലെ 8.15ഓടെ വനം വകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ട്രക്കിങ് ആരംഭിച്ചത്. പ്രദേശത്ത് കാട്ടാനശല്യം കണക്കിലെടുത്ത് മറ്റു പത്തുപേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്. വൈകുന്നേരം നാലു മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

എട്ടോളം സംഘങ്ങളാണ് ശരണ്യയ്ക്കായി തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഞായർ വൈകുന്നേരത്തോടെ വനമേഖലയിൽ നിന്ന് സി​ഗ്നൽ ലഭിക്കുന്നതും തെരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തുകയുമായിരുന്നു. കനത്ത മഞ്ഞും വന്യമൃഗശല്യവുമുള്ള കൊടുംവനത്തിൽ മൂന്ന് രാത്രികളാണ് ശരണ്യ ഒറ്റയ്ക്ക് അതിജീവിച്ചത്. ട്രക്കിങ്ങിനിടെ വഴിതെറ്റിയോ മറ്റോ ഒറ്റപ്പെട്ടുപോയാല്‍ എന്തുചെയ്യണമെന്നുള്ള പരിശീലനം ശരണ്യയ്ക്ക് ലഭിച്ചിരുന്നു. മുന്‍പും പല ട്രക്കിങ്ങുകള്‍ക്കും ശരണ്യ പോയിട്ടുണ്ട്.

Post a Comment

Previous Post Next Post