ബംഗളൂരു: കർണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്താനായില്ല. നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. നാദാപുരം സ്വദേശിനി ജി.എസ് ശരണ്യയെ (36) ആണ് വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്. കൊച്ചിയില്‍ ഐ.ടി കമ്പനി ജീവനക്കാരിയായ യുവതി അവിടെ നിന്നായിരുന്നു യാത്ര തിരിച്ചത്. കർണാടക പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യയ്ക്ക് കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ‘തടിയന്‍ഡമോള്‍’ കയറുകയായിരുന്നു ലക്ഷ്യം. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. വ്യാഴാഴ്ച രാവിലെ വനം വകുപ്പിന്റെ അനുമതിയോടെയാണ് ശരണ്യയും സംഘവും ട്രക്കിങ്ങിന് പോയത്. കാട്ടാനശല്യം ഉള്ളതിനാല്‍ പത്തംഗ സംഘത്തിനൊപ്പം ചേരാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വൈകുന്നേരം നാലു മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് 2.30ഓടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേയില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാരും, നാട്ടുകാരും വനത്തിൽ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്നാണ് വനം വകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചത്.
കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ഡ്രോണുകൾ ഉപയോഗിച്ചും സ്‌നീഫര്‍ നായകളെ ഉപയോഗിച്ചുമുള്ള പരിശോധനകൾ വനത്തിന് അകത്തും മറ്റു വഴികളിലും നടക്കുന്നുണ്ട്. നക്‌സല്‍ വിരുദ്ധ സേനയും തിരച്ചില്‍ സംഘത്തിലുണ്ട്. ബംഗളൂരുവില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന യുവതിയുടെ സഹോദരന്‍ ശ്യാം തിരച്ചിലിന് തയ്യാറായി കുടകിൽ എത്തിയിട്ടുണ്ട്.
നാദാപുരം എംഎല്‍എ ഇ.കെ വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായി അറിയിച്ചു. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. സാധാരണഗതിയില്‍ ട്രെക്കിങ്ങിനിടെ ഇവിടെ വഴി തെറ്റിയാലും രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ട്രെക്കിങ് പാത കണ്ടെത്താറുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതി അപകടത്തില്‍പ്പെട്ടതാണോ, വഴിമാറി സഞ്ചരിച്ചതാണോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നും റിട്ടയർ ചെയ്ത വടക്കയില്‍ ഗോപിയാണ് പിതാവ്. മാതാവ്: ഷൈലജ. രണ്ടാഴ്ച മുമ്പ് മകൾ വീട്ടിൽ വന്നിരുന്നു, തനിച്ച് ഇതിനു മുമ്പും അവൾ ട്രക്കിങ്ങിനു പോയിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്ന് പിതാവ് ഗോപി പറഞ്ഞു.