കോഴിക്കോട്: മുക്കത്ത് പിടികൂടിയ സ്ത്രീയടക്കമുള്ള രണ്ടുപേരിൽ നിന്ന് കണ്ടെടുത്തത് വൻ ലഹരിമരുന്ന് ശേഖരം. മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ. പി (36), ബേപ്പൂർ സ്വദേശിനി റെയ്ഹാന (45) എന്നിവരെയാണ് മുക്കത്ത് രണ്ടു വ്യത്യസ്ത ഇടങ്ങളിൽ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയത്. ഇരുവരും വിൽപനയ്‌ക്കെത്തിച്ച രണ്ടേമുക്കാൽ കിലോഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
വ്യാഴാഴ്ച പുലർച്ചെ മുക്കം അഗസ്ത്യൻമൂഴി വെച്ചാണ് 517 ഗ്രാം എംഡിഎംഎയുമായി ഹനീഫയെ പിടികൂടിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഹനീഫയെ ഡാൻസാഫ് സംഘം വലയിലാക്കിയത്. ഒരാഴ്ച മുമ്പ് റെയ്ഹാനക്കൊപ്പം ഇയാൾ ലഹരി വാങ്ങുന്നതിനായി ഡൽഹിയിലേക്ക് പോയിരുന്നു. തിരിച്ച് നാട്ടിലെത്തി എംഡിഎംഎ മറ്റൊരാൾക്ക് വിൽപ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഹനീഫയും മറ്റൊരാളും എംഡിഎംഎ എത്തിക്കാൻ പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വില്പന സംഘത്തിലെ ഒരാളായ ഹനീഫ ഡാൻസാഫിൻ്റെ പിടിയിലാവുന്നത്.
ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നും ഇയാൾ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനായി ഇയാൾ വിമാന യാത്രകളും നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്ടു നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ നടത്തിയിരുന്നത്. റെയ്ഹാനയുടെ യാത്രകൾ നിരന്തരം നിരീക്ഷിച്ചിരുന്ന പോലീസിന് ഇവർ ഇടയ്ക്കിടെ മുഹമ്മദ് ഹനീഫയുടെ വാടകവീട്ടിൽ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് 2.286 കിലോഗ്രാം എംഡിഎംഎ പിടികൂടിയത്. ആറു മാസം മുമ്പ് ഹനീഫ വാടകയ്ക്ക് എടുത്ത ഈ വീട്ടിലാണ് ലഹരി കച്ചവടം നടത്തിയത്. വർഷങ്ങളായി ഒറീസയിൽ നിന്ന് ആന്ധ്രയിലേക്ക് കാലികളെ ഇറക്കി വിൽപ്പന നടത്തുകയായിരുന്നു ഹനീഫ. പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.
നോട്ടെണ്ണുന്ന യന്ത്രവും ലഹരി പാക്ക് ചെയ്യാനുള്ള കവറുകളും തൂക്കാനുള്ള ഡിജിറ്റൽ ത്രാസുകളും വാടകവീട്ടിൽ നിന്ന് കണ്ടെടുത്തു. ഹനീഫ പൂളപ്പൊയിലിൽ ഒരു റെസ്റ്റോറന്റ് നടത്തുന്നുമുണ്ട്. ഇയാൾ സമീപകാലത്ത് വൻതോതിൽ വസ്തുവകകൾ സമ്പാദിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. തുച്ഛമായ പ്രതിഫലത്തിനാണ് റെയ്ഹാന ഇയാൾക്കൊപ്പം കൂടിയതെന്ന് പോലീസ് പറയുന്നു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ, എന്നിവരുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്.ഐമാരായ രാജീവ് ബാബു, വിനീത് വിജയൻ, ശ്രീരാഗ് കെ, മനോജ് രാമത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.