കോഴിക്കോട്: ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. ചേളന്നൂർ പുതിയോട്ടിൽ വീട്ടിൽ മിനിയെ (44) ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 50,000 രൂപയും ഓരോ പവൻ വീതം തൂക്കം വരുന്ന 20 സ്വർണ നാണയങ്ങളുമാണ് പ്രതി മോഷ്ടിച്ചത്.
എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലുള്ള സ്‌കൈലൈൻ മെഡോസ് വില്ലയിലെ ഫ്ളാറ്റിലാണ് മോഷണം നടന്നത്. പിന്നാലെ ഷാഹിദ് നൽകിയ പരാതിയിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വീട്ടിലെ ജോലിക്കാരിയാണെന്ന് കണ്ടെത്തിയത്.
നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ ഷൈനിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കിരൺ, ലിനേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ശശിധരൻ, രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷൈന, സാജിക് എന്നിവർ ചേർന്നാണ് മിനിയെ കോഴിക്കോട്ട് വെച്ച് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.