ബാലുശ്ശേരി: ശബ്ദ സൗന്ദര്യം കൊണ്ട് ഏവരിലും വിസ്മയം തീര്‍ത്ത അതുല്യ കലാകാരന്‍ തങ്കയം ശശികുമാര്‍ (54) അന്തരിച്ചു. ബാലുശ്ശേരി പറമ്പിന്‍മുകളില്‍ വെച്ച് കഴിഞ്ഞ തിങ്കളാഴ്ച രാത്രി അദ്ദേഹം സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ശബ്ദ കലാകാരന്മാര്‍ക്കുള്ള പ്രഥമ ഖാന്‍ കാവില്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. അഭിനയ രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അനൗണ്‍സ്മെന്റ് രംഗത്ത് തന്മയത്വമുള്ള ശബ്ദത്തോടെ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കലകാരനായിരുന്നു അദ്ദേഹം.
പത്മവ്യൂഹത്തിലെ അഭിമന്യൂ എന്ന സിനിമയുടെ തിരക്കഥ രചനയില്‍ പങ്കാളിയായിരുന്നു. നിരവധി നാടക പരീശീലന കളരികള്‍ക്ക് നേതൃത്വം നല്‍കി. നാടക രംഗത്ത് നിരവധി പ്രതിഭകളെ അദ്ദേഹം കണ്ടെത്തിയിരുന്നു. തങ്കയം മീഡിയ എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: അഭിമന്യൂ, അഭിനയ (ഇരുവരും വിദ്യാര്‍ഥികള്‍).