കൽപ്പറ്റ: വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കാലിൽ കെഎസ്ആർടിസി ബസ് കയറി ഗുരുതരമായി പരിക്കേറ്റ വയോധികയുടെ കാൽമുറിച്ചു മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് ശാസ്ത്രക്രിയയിലുടെ കാൽ മുറിച്ചുമാറ്റിയത്. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ ആരോപണവുമായി കുടുംബം. ജീവനക്കാർ വരുത്തിയ ഗുരുതര വീഴ്‌ചയെ തുടർന്നാന്ന് അപകടമെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
വയനാട് വൈത്തിരി സ്വദേശി ജാനുവിനാണ് ചിപ്പിലിത്തോട് വെച്ച് അപകടത്തിൽ പരിക്കേറ്റത്. ഇറങ്ങും മുമ്പ് തന്നെ ഡ്രൈവർ ബസ്സ് എടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് യാത്രികരും ബന്ധുക്കളും പറയുന്നു. എന്നാൽ, ബസ്സിറങ്ങി നടക്കുന്നതിനിടെ വീണതാകാം എന്നാണ് ബസ് ഡ്രൈവറുടെ വാദം. കഴിഞ്ഞ വ്യാഴാഴ്‌ച വോട്ടെടുപ്പ് ദിനം വൈകീട്ട് അഞ്ചോടെ അടിവാരത്തിന് അടുത്ത് ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം.
65 കാരിയായ ജാനു ഏറെക്കാലമായി ചിപ്പിലിത്തോട്ടെ മകളോടൊപ്പമാണ് താമസം. വൈത്തിരിയിൽ പോയി വോട്ടുചെയ്ത് മടങ്ങിയത് ഇരിട്ടി-നിലമ്പൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിലാണ്. ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിൽ നിർത്തേണ്ട ബസ് സ്റ്റോപ്പിൽ നിന്ന് മാറി കാൽകുത്താനിടയില്ലാത്ത വിധം ഡ്രൈയ്നേജിനോട് ചേർന്നാണ് നിർത്തിയതെന്ന് യാത്രക്കാർ പറയുന്നു.
ബസ്സിന്റെ മുൻ വാതിലിലൂടെ ജാനു ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു. പിന്നാലെ ബസ്സിന്റെ പിൻചക്രം ജാനുവിൻ്റെ കാലിൽ കയറിയിറങ്ങി. അരയ്ക്കു താഴേക്ക് പൂർണമായി തകർന്നതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയയിലൂടെ ജാനുവിൻ്റെ ഇടതുകാൽ നീക്കം ചെയ്യേണ്ടി വന്നത്. ഡ്രൈവറുടെ കണ്ടക്ടറുടെയും അശ്രദ്ധയാണ് അപകട കാരണമെന്ന് യാത്രക്കാരനായ സാലിഹ് പറഞ്ഞു.
അതേസമയം, ബസ്സെടുത്ത ശേഷം പിന്നോട്ട് നടക്കുകയായിരുന്ന ജാനു കാൽതെറ്റി വീണതായിരിക്കാം എന്നാണ് ഡ്രൈവർ ഫിറോസ് ഖാൻ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ തീവ്രപരിചരണ യൂണിറ്റിൽ ചികിൽസയിലാണ് ജാനു. അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ച കാണ്ടെത്താനായില്ലെന്ന് കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോ അറിയിച്ചു. സംഭവത്തിൽ കെഎസ്ആർടിസി എംഡിക്ക് ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.